കല്‍പ്പറ്റ/ചേലക്കര: ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും കൊട്ടിക്കലാശമായി. ഏറെ ആവേശത്തോടെ നടന്ന കൊട്ടിക്കലാശത്തില്‍ രണ്ട് മണ്ഡലങ്ങളിലും നേരിയ സംഘര്‍ഷങ്ങളുണ്ടായി.
വയനാട് മണ്ഡലത്തിലെ വണ്ടൂരില്‍ പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും നേരിയ സംഘര്‍ഷമുണ്ടായി. ചേലക്കരയില്‍ എല്‍ഡിഎഫ് കൊട്ടിക്കലാശ സ്ഥലത്തും നേരിയ സംഘര്‍ഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വണ്ടി അവിടെ ഇട്ടതിനെ ചൊല്ലിയായിരുന്നു ബഹളം. പൊലീസ് പ്രവര്‍ത്തകരെ പിടിച്ചു മാറ്റി.
യുഡിഎഫ് അണികളെ ആവേശത്തിലാക്കി ബത്തേരിയില്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തി. വൈകുന്നേരം തിരുമ്പാടിയിലും ഇരുവരുടെയും റോഡ് ഷോയുണ്ടായിരുന്നു.
പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞ് പതിനായിരങ്ങളാണ് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ക്രെയിനില്‍ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
ഇതുവരെ കാണാത്ത ശക്തമായ പ്രചാരണമാണ് ചേലക്കരയില്‍ ഇത്തവണ കണ്ടത്. കൊട്ടിക്കലാശത്തിലും അതേ ആവേശമായിരുന്നു. വൈകുന്നേരം ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസിനൊപ്പം രാഹുല്‍ മാക്കൂട്ടത്തിലും ചാണ്ടി ഉമ്മനും വി.കെ ശ്രീകണ്ഠനും പങ്കെടുത്തു.
വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. പാലക്കാട് 20 നാണ് പോളിങ്. പാലക്കാടും നവംബര്‍ 13 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കല്‍പാത്തി രഥോത്സവത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.