ആക്രമണത്തില്‍ സാധാരണക്കാരായ നിരവധി പേര്‍ക്ക് പരിക്ക്.
ജറൂസലേം: ഇസ്രയേലിനെതിരെ വീണ്ടും ഹിസ്ബുള്ളയുടെ വ്യോമാക്രമണം. 165 മിസൈലുകളാണ് ഇസ്രയേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തത്. സാധാരണക്കാരായ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കെട്ടിടങ്ങളും വാഹനങ്ങള്‍ക്കുമെല്ലാം നാശനഷ്ടമുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ഹിസ്ബുള്ളയുടെ ആക്രമണത്തെ പ്രതിരോധിച്ചെങ്കിലും ചിലത് ജനസാന്ദ്രത ഏറെയുള്ള ഹൈഫ തീരത്ത് പതിച്ചു.
ഗലീലി മേഖലയില്‍ നിന്നാണ് ഹിസ്ബുള്ള മിസൈലുകള്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) അറിയിച്ചു. എന്നാല്‍ ചിലത് മാത്രമാണ് ഇസ്രയേലിന്റെ എയര്‍ ഡിഫന്‍സ് സംവിധാനം പ്രതിരോധിച്ചത്. കാര്‍മിയല്‍ മേഖലയിലും സമീപത്തുള്ള ടൗണുകളിലും നിരവധി മിസൈലുകള്‍ പതിച്ചു.
അതേസമയം ആക്രമണത്തിന് ഹിസ്ബുള്ള ഉപയോഗിച്ച റോക്കറ്റ് ലോഞ്ചര്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയ്ക്കെതിരായ വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലാണെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പേജര്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 'വടക്കന്‍ ഇസ്രയേല്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നിന്ന് ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നത് തുടരും'- ഐഡിഎഫ് എക്സില്‍ കുറിച്ചു.
മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ നഹാരിയയിലെ ഗലീലി മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. കാര്‍ബിയല്‍ മേഖലയിലെ പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ട്രെയിനിങ് ബേസാണ് ഹിസ്ബുള്ള ലക്ഷ്യമിട്ടത്.