വാഷിങ്ടൺ: ചരിത്രത്തിൽ ആദ്യമായി ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) നേതൃസ്ഥാനത്തേക്ക് കറുത്തവർഗക്കാരി എത്തുന്നു. നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയും മുൻ ധനമന്ത്രിയും ഡബ്ല്യു.ടി.ഒയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്ന ആദ്യ ആഫ്രിക്കൻ വനിതയുമായ 66കാരി ഇൻഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ല്യു.ടി.ഒ മേധാവി.
ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് ഇൻഗോസി ഒകോഞ്ചോ ഇവേല ഡബ്ല്യു.ടി.ഒ തലപ്പത്ത് എത്തിയത്. ലോക ബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഇൻഗോസി. രണ്ട് തവണ നൈജിരിയൻ ധനമന്ത്രിയായി സേവനം അനുഷ്ടിച്ചതിൽ നിന്നുള്ള അനുഭവ സമ്പത്തും സാമ്പത്തിക ശാസ്ത്രത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും ഉള്ള അഗാധമായ പാണ്ഡിത്യവുമായാണ് ഇൻഗോസിയെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്.
164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന. മാർച്ച് ഒന്നു മുതലാണ് ഇൻഗോസി സ്ഥാനമേറ്റെടുക്കുക. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇൻഗോസി പറഞ്ഞു.