'കട്ടന്‍ ചായയും പരിപ്പ് വടയും': പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കി ഇ.പി ജയരാജന്റെ ആത്മകഥ

'കട്ടന്‍ ചായയും പരിപ്പ് വടയും': പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കി ഇ.പി ജയരാജന്റെ ആത്മകഥ

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി ഇ.പി ജയരാജന്റെ ആത്മകഥ. 'കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന പേരില്‍ ഡി.സി ബുക്‌സ് പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നത് അടക്കമുള്ള പരാമര്‍ശങ്ങളും ഉണ്ട്.

പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പാണ് വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ പേജുകള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തിയത്.

ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ അവകാശ വാദം പച്ചക്കള്ളമാണെന്നും പുസ്തകത്തില്‍ പറയുന്നു. ശോഭ സുരേന്ദ്രനെ ആകെ ഒരു തവണ മാത്രമാണ് കണ്ടത്. അതും പൊതുസ്ഥലത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാണ് പുറത്ത് വന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനെതിരേയും ജയരാജന്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സരിന്‍ അവസരവാദിയാണ് എന്ന തരത്തിലാണ് ഇപിയുടെ പരാമര്‍ശം. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ വ്യക്തിയായിരുന്നു സരിന്‍. സീറ്റ് കിട്ടാതായപ്പോള്‍ മറുകണ്ടം ചാടി. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാണ്ടി ഇപി പറഞ്ഞുവയ്ക്കുന്നു.

പുസ്തകത്തില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നാണ് മുന്‍ എല്‍ഡിഎഫ് കണ്‍വീനറുടെ വാദം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സര്‍ക്കാരിനില്ല എന്നും ഇ.പി ചൂണ്ടിക്കാട്ടുന്നു. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും നിര്‍ദേശിക്കുന്ന അദേഹം ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയോയെന്നും സംശയിക്കുന്നുണ്ട്.
താന്‍ മരിക്കും വരെ താന്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുമെന്നും ഇ.പി പുസ്തകത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ താന്‍ മരിച്ചു എന്നര്‍ത്ഥമെന്നും ഇ.പി വ്യക്തമാക്കുന്നു.

അതേസമയം പുറത്ത് വന്ന ഭാഗങ്ങളൊന്നും തന്റെ പുസ്തകത്തിലില്ലെന്നാണ് ഇ.പി ജയരാജന്റെ അവകാശവാദം. ആത്മകഥയിലെ ചില വിവരങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂര്‍ണമായും വ്യാജമാണ്. ഇപ്പോഴും എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ആത്മകഥ അച്ചടിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നതില്‍ ഗൂഡാലോചനയുണ്ടെന്നും അദേഹം പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.