തിരുവനന്തപുരം: ആത്മകഥ തുടക്കത്തില്‍ തന്നെ വിവാദമായ സാഹചര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ഇ.പി നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പുറത്തു വന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസിലാക്കിയില്ലെന്ന് ആത്മകഥയിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി. സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി വ്യക്തമാക്കി. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡി.സി ബുക്‌സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
ഇന്നലെ രാത്രി തന്നെ ഡി.സി ബുക്‌സ് അവരുടെ പേജില്‍ ഇ.പിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. 'കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ നല്‍കിയിരുന്നു.
ഇ.പിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങള്‍ ബോംബായാണ് പുറത്തേക്ക് വന്നത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ ഇ.പിയുടെ തുറന്നടിക്കല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയായി.