ന്യൂഡല്‍ഹി: അരി കയറ്റുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. ഒക്ടോബറില്‍ 100 കോടിയുടെ (ഒരു ബില്യണ്‍) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യണ്‍ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 565.65 മില്യണ്‍ ഡോളറായിരുന്നു. 85.79 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ അരി കയറ്റുമതി വര്‍ധിച്ചു. 5.27 ശതമാനം വര്‍ധിച്ച് 6,171.35 മില്യണ്‍ ഡോറളറായി. കഴിഞ്ഞ വര്‍ഷം ഇത് 5,862.23 മില്യണ്‍ ഡോളറായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം കേന്ദ്രം നീക്കിയത്.
ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പാദകരും അരി കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യവുമാണ് ഇന്ത്യ. ലോകത്തിലെ അരി ഉല്‍പാദനത്തിന്റെ പകുതിയിലധികവും ഇന്ത്യയിലും ചൈനയിലുമാണ് നടക്കുന്നത്. ലോകത്തിലെ ആകെ അരി കയറ്റുമതിയുടെ 33 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. 17 മില്യണ്‍ ടണ്‍ അരി വരും ഇത്.