കോപൻഹേഗൻ: സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നിന്ന് അമേരിക്കയിലെ മിയാമിയിലേക്ക് പറന്ന സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ വീണു. തുടർന്ന് വിമാനം കോപ്പൻഹേഗൻ എയർപോർട്ടിൽ ഇറക്കി.
ആകാശച്ചുഴിയിൽ വീണ സ്കാൻഡിനേവിയൻ എയർലൈൻസ് ഫ്ലൈറ്റ് 957-ൽ നിന്നുള്ള ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സീറ്റുകളിൽ ഇരിക്കുകയായിരുന്ന യാത്രക്കാരിൽ ചിലർ സീറ്റുകളിൽ നിന്ന് എടുത്തെറിയപ്പെട്ടു. സീറ്റുകളിലെ ഫ്ലയറുകളും യാത്രക്കാരുടെ ക്യാരി ഇൻ ലഗേജുകളും ഭക്ഷണവുമെല്ലാം വിമാനത്തിനകത്ത് പാറിപ്പറക്കുന്നത് വീഡിയോയിൽ കാണാം.
വിമാനത്തിലെ ഓക്സിജൻ മാസ്‍കുകളും പുറത്തുവന്നു. മരിച്ചു പോകുമെന്ന് വരെ ഭയന്നതായി യാത്രക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ യാത്രക്കാരിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.
പ്രദേശിക സമയം ഉച്ചയ്ക്ക് 12.55നാണ് വിമാനം സ്റ്റോക്ഹോമിൽ നിന്ന് പറന്നുയർന്നത്. വൈകുന്നേരം 5.45ന് മിയാമിയിൽ ലാന്റ് ചെയ്യേണ്ടതായിരുന്നു. ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടുവെങ്കിലും യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് സ്കാൻഡിനേവിയൻ എയർലൈൻസ് വക്താവ് അറിയിച്ചു.