മെല്‍ബണില്‍ പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം ഭയന്ന് ക്രിസ്മസ് വിന്‍ഡോസ് അനാഛാദനം റദ്ദാക്കി; വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കള്‍

മെല്‍ബണില്‍ പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം ഭയന്ന് ക്രിസ്മസ് വിന്‍ഡോസ് അനാഛാദനം റദ്ദാക്കി; വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കള്‍

മെല്‍ബണ്‍: പാലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് മെല്‍ബണിലെ പ്രശസ്തമായ ക്രിസ്മസ് വിന്‍ഡോസ് പ്രദര്‍ശനത്തിന്റെ അനാഛാദനം റദ്ദാക്കി. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന, മെല്‍ബണിലെ ബോര്‍ക് സ്ട്രീറ്റ് മാളില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനമാണ് റദ്ദാക്കിയത്. ക്രിസ്മസിനോടനുബന്ധിച്ച് 1956 മുതല്‍ ആരംഭിച്ച അതിമനോഹരമായ പ്രദര്‍ശനമാണിത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഗ്രൂപ്പായ 'മയര്‍' (MYER) ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഡിസ്‌റപ്റ്റ് വാര്‍ എന്ന സംഘടനയാണ് മെല്‍ബണിലെ ക്രിസ്മസ് വിന്‍ഡോസ് നടക്കുന്ന ഷോപ്പിങ് സെന്ററിലേക്ക് പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. 'ക്രാഷ് ദ ക്രിസ്മസ് വിന്‍ഡോസ്' എന്നായിരുന്നു പ്രതിഷേധ പ്രകടനത്തിന് പേരിട്ടിരുന്നത്. ബാനറുകള്‍, പതാകകള്‍, പ്ലക്കാര്‍ഡുകള്‍, ഉള്‍പ്പെടെയുള്ളവ കൊണ്ടുവരാനും സംഘടന ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് പരിപാടിക്ക് ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചിരുന്നു.

അേതസമയം, ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ക്രിസ്മസ് വിന്‍ഡോസ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കുകയായിരുന്നു. 70 വര്‍ഷമായി തുടരുന്ന പാരമ്പര്യമാണ് പാലസ്തീന്‍ അനുകൂലികളുടെ ഭീഷണിയെത്തുടര്‍ന്ന് ഉപേക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിനെ നിര്‍ബന്ധിതരാക്കിയത്.

ഇതേതുടര്‍ന്ന് വിക്ടോറിയ പ്രീമിയര്‍ ജസീന്ത അലന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തുവന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിഷേധ പരിപാടി ഉപേക്ഷിക്കുകയാണെന്ന് പാലസ്തീന്‍ അനുകൂല സംഘടന വ്യക്തമാക്കി.

പ്രീമിയര്‍ ജസീന്ത അലന്‍ പ്രതിഷേധ പദ്ധതികളെ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള അപക്വമായ പ്രതിഷേധങ്ങളിലൂടെ ഈ മനോഹരമായ ക്രിസ്മസ് പാരമ്പര്യങ്ങളെ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അവര്‍ എബിസി റേഡിയോ മെല്‍ബണിനോട് പറഞ്ഞു. ലിബറല്‍ എംപി സൂസന്‍ ലേയും പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ചു.

'ആക്ടിവിസ്റ്റുകള്‍ക്കുള്ള എന്റെ സന്ദേശം, ക്രിസ്മസ് വെറുതെ വിടുക എന്നതാണ്' - ലേ പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് ഈ വര്‍ഷം കുടുംബങ്ങള്‍ ആഘോഷിച്ചേക്കാവുന്ന മറ്റ് ഇവന്റുകളെക്കുറിച്ചും താന്‍ ആശങ്കാകുലയാണെന്ന് അവര്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് സമാധാനത്തോടെ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന, ഫെഡറല്‍ ഗവണ്‍മെന്റുകള്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അനാഛാദനം റദ്ദാക്കിയെങ്കിലും നവംബര്‍ 17 മുതല്‍ ജനുവരി ആദ്യം വരെ പ്രദര്‍ശനം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ വര്‍ഷവും കുട്ടികള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് സന്ദര്‍ശിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യന്‍ ജൂത കുടിയേറ്റക്കാരനായ സിഡ്‌നി മയര്‍ സ്ഥാപിച്ചതാണ് മയര്‍ ബ്രാന്‍ഡ്. നിലവില്‍ ഓസ്ട്രേലിയയ്ക്ക് ചുറ്റും 56 ഷോപ്പുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.