ഇന്ത്യ-നൈജീരിയ ബന്ധം ദൃഢം; നൈജീരിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ത്യ-നൈജീരിയ ബന്ധം ദൃഢം; നൈജീരിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അബുജയില്‍ പ്രസിഡന്റിന്റെ വസതിയിലാരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആചാരപരമായ വരവേല്‍പ്പ് നല്‍കിയാണ് പ്രധാനമന്ത്രിയെ നൈജീരിയന്‍ പ്രസിഡന്റ് സ്വീകരിച്ചത്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയില്‍ എത്തിയത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങള്‍ക്കി ഇടയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉടമ്പടികളില്‍ ഒപ്പുവച്ചേയ്ക്കും. നൈജീരിയയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നൈജീരിയയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ബോല അഹമ്മദ് എക്സില്‍ കുറിച്ചിരുന്നു. 2007 ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നതെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കാനും കൂടുതല്‍ ഊഷ്മളമാക്കാനും ശ്രമിക്കുമെന്നും അദേഹം കുറിച്ചിരുന്നു.

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയും നൈജീരിയ പ്രഖ്യാപിച്ചിരുന്നു. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് നൈജര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.