ഇംഫാല്‍: മണിപ്പൂരില്‍ വിണ്ടും കത്തിപ്പടരുന്ന കലാപം നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുമ്പോഴും ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാകുന്നു.
ഒന്‍പത് ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ് വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ഇടയിലായിരുന്നു എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബിജെപി എംഎല്‍എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് എംഎല്‍എ ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബിജെപി എംഎല്‍എ കോംഖാം റോബിന്‍ ദ്രോയെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു.
ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു. കലാപം രണ്ടാമതും കത്തിപ്പടര്‍ന്നതോടെ സ്ഥിതി അത്യന്തം ഗുരുതരമെന്നാണ് ഇന്റലിജന്‍സ് എജന്‍സികളുടെ റി്‌പ്പോര്‍ട്ട്