ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച മുത്തശിക്കൊപ്പമുള്ള ചിത്രം വൈറലായി.
തന്റെ മുത്തശി ഇന്ദിര ഗാന്ധി സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇന്ദിരയുടെ സമാധി സ്ഥലമായ ശക്തി സ്ഥലില്‍ രാവിലെ തന്നെ രാഹുല്‍ ഗാന്ധിയെത്തി ആദരമര്‍പ്പിച്ചു.
'സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും ഉദാഹരണമായിരുന്നു മുത്തശി. രാജ്യ താല്‍പര്യത്തിന്റെ പാതയില്‍ നിര്‍ഭയമായി സഞ്ചരിക്കുന്നതാണ് യഥാര്‍ത്ഥ ശക്തിയെന്ന് ഞാന്‍ മനസിലാക്കിയത് അവരില്‍ നിന്നാണ്. അവരുടെ ഓര്‍മകളാണ് എന്റെ ശക്തി, അത് എനിക്ക് എപ്പോഴും വഴി കാണിക്കുന്നു'- രാഹുല്‍ കുറിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാ നെഹ്രുവിന്റെയും മകളായി 1917 നവംബര്‍ 19 നായിരുന്നു ഇന്ദിരയുടെ ജനം. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിര 1966 മുതല്‍ 1977 വരെയും 1980 മുതല്‍ 1984 ഒക്ടോബറില്‍ വധിക്കപ്പെടുന്നതു വരെയും ആ സ്ഥാനത്ത് തുടര്‍ന്നു.
നെഹ്രുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായതും ഇന്ദിരയാണ്. ബാങ്കുകളുടെ ദേശസാത്കരണം ഉള്‍പ്പടെയുള്ള നിരവധി സാമ്പത്തിക സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ ഇന്ദിരയുടെ ഭരണകാലത്ത് രാജ്യം ദക്ഷിണേഷ്യയിലെ പ്രധാന ശക്തികളിലൊന്നായി.
1975 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായി. സ്വേച്ഛാധിപതിയെന്ന് രാജ്യം ഇന്ദിരയെ വിളിച്ചു. അതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ദിര ഇനി തിരിച്ചുവരില്ലെന്ന് രാഷ്ട്രീയ നീരിക്ഷകര്‍ വിധിയെഴുതിയെങ്കിലും പൂര്‍വാധികം ശക്തിയോടെ മൂന്ന് വര്‍ഷത്തിനകം പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപ്പാക്കിയതിന്റെ പ്രതികാരമായി സ്വന്തം അംഗരക്ഷകരായ സത് വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് 1984 ഒക്ടോബര്‍ 31 നാണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടത്.