യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന കടുത്ത നിലപാടുമായി ഹമാസ് നേതാവ്

 യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന കടുത്ത നിലപാടുമായി ഹമാസ് നേതാവ്

കെയ്റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസിന്റെ ഗാസ ആക്ടിങ് മേധാവി ഖലീല്‍ അല്‍ ഹയ്യ. അല്‍-അഖ്‌സ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖലീല്‍ അല്‍ ഹയ്യ നിലപാട് വ്യക്തമാക്കിയത്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ അതിക്രമിച്ചു കയറി അക്രമം അഴിച്ചു വിട്ട ഹമാസ് ഭീകരര്‍ 1200 ലധികം നിരപരാധികളെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു.

പിന്നീട് മൂന്ന് ഘട്ടങ്ങളായി നടന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി നൂറിലധികം ബന്ദികളെ പരസ്പരം കൈമാറി. ചിലര്‍ തടവില്‍ മരണപ്പെട്ടു. ഇനിയും 97 പേര്‍ ഹമാസിന്റെ തടവറയിലുണ്ട്.

ഇവരില്‍ പുറത്തെത്തിക്കുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളര്‍ നല്‍കുമെന്നും ഹമാസിന്റെ നിയന്ത്രണത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ സഹായിച്ചാല്‍ സുരക്ഷിതമായി പാലസ്തീനില്‍ നിന്ന് പുറത്തു കടക്കാന്‍ അവസരമൊരുക്കുമെന്നും പാലസ്തീനികള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു.

ഇതിനുള്ള മറുപടിയായാണ് യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാധ്യമല്ലെന്ന കടുത്ത നിലപാട് ഹമാസ് നേതാവ് വ്യക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.