ടെക്‌സാസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 21 പേര്‍ മരിച്ചു. ടെന്നസി, ടെക്‌സാസ്, കെന്റകി, ലൂസിയാന എന്നിവിടങ്ങളിലായാണ് 21 മരണം റിപ്പോര്‍ട്ട് ചെയ്തത്. പല നഗരങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ഇത്തരം കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
ടെക്‌സാസിലേക്കുള്ള വാക്സീന്‍ വിതരണം മുടങ്ങി. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടു. ഡാലസില്‍ ഇന്നലെ പുലര്‍ച്ചെ മൈനസ് 18 ഡിഗ്രിയായിരുന്നു താപനില. മിസിസിപ്പി, വെര്‍ജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. ടെക്‌സാസിന്റെ 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയാണ് ഇത്.
സംസ്ഥാനത്താകെ 135 'വാമിങ് സെന്ററുകള്‍' തുറന്നതായി ഭരണകൂടം അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെക്‌സാസില്‍ ഫെഡറല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികള്‍ തുടരുകയാണെന്ന് ഇആര്‍സിഒടി അറിയിച്ചെങ്കിലും ഏകദേശം 30 ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോര്‍ട്ട്.