'ഇന്ത്യ കണ്ടില്ലേ ഒറ്റ ദിവസത്തിൽ 64 കോടി വോട്ടുകൾ എണ്ണി ഫലവും പുറത്തുവിട്ടു; അമേരിക്കയിൽ ഇപ്പോഴും എണ്ണിക്കഴിഞ്ഞിട്ടില്ല'; മസ്കിന്റെ കമന്റ് വൈറൽ

'ഇന്ത്യ കണ്ടില്ലേ ഒറ്റ ദിവസത്തിൽ 64 കോടി വോട്ടുകൾ എണ്ണി ഫലവും പുറത്തുവിട്ടു; അമേരിക്കയിൽ ഇപ്പോഴും എണ്ണിക്കഴിഞ്ഞിട്ടില്ല'; മസ്കിന്റെ കമന്റ് വൈറൽ

ന്യൂയോർക്ക്: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രശംസിച്ച്‌ ടെസ്‌ല സിഇഒയും ശതകോടിശ്വരനുമായ ഇലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്.

ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണിയെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസമായിട്ടും 15 ദശലക്ഷം വോട്ടുകൾ കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ മറ്റൊരു പോസ്റ്റിനോടും ഇലോൺ മസ്ക് പ്രതികരിച്ചു. ഈ വർഷം ആദ്യം ഇന്ത്യയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 64.2 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പൂർത്തിയായി ഒരു ദിവസത്തിനുള്ളിൽ ഇന്ത്യ ഫലം പ്രഖ്യാപിച്ചിരുന്നു.

അതേസമയം കാലിഫോർണിയയിൽ 98 ശതമാനം വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ്‌ ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകൾ നേടി ഡെമോക്രറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് കാലിഫോർണിയയിൽ വിജയമുറപ്പിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ യുഎസിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സ്റ്റേറ്റുകളിൽ ഒന്നാണ്. ഇവരിൽ 16 ലക്ഷത്തിലധികം പേരാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.

കാലിഫോർണിയയിലെ തിരഞ്ഞെടുപ്പിൽ വോട്ടിങ് പ്രധാനമായും തപാൽ വഴിയാണ് നടന്നത്. അതിനാൽ തന്നെ മെയിൽ-ഇൻ ബാലറ്റുകൾ പരിശോധിക്കുന്നതിന് കൂടുതൽ സമയവും പരിശ്രമവും ആവശ്യമാണെന്ന് അധികൃതർ പറയുന്നു. ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറിൽ ബെൽറ്റ് സമർപ്പിക്കാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വോട്ടർമാർക്ക് ഡിസംബർ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.