ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ഖൽപൂർ - ഡാറ്റഗഞ്ച് റോഡിൽ, ബറേലിയിൽ നിന്ന് ബദൗൺ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകുന്ന വഴി രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.
നാവിഗേഷനായി ജിപിഎസ് ഉപയോഗിച്ച കാർ പാലത്തിൻ്റെ തകർന്ന ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഈ വർഷം ആദ്യം വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ മുൻഭാഗം നദിയിലേക്ക് ഇടിഞ്ഞു വീണിരുന്നു. എന്നാൽ പാലത്തിന് സംഭവിച്ച ഈ മാറ്റം ജിപിഎസിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഇത് തിരിച്ചറിയാതെ എത്തിയ യുവാക്കൾ കാറുമായി നദിയിലേക്ക് പതിക്കുകയയിരുന്നു.
കൂടാതെ പാലത്തിൽ സുരക്ഷാ തടസങ്ങളോ മുന്നറിയിപ്പ് അടയാളങ്ങളോ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിച്ചു. കാറിലുണ്ടായിരുന്നവർ ഗൂഗിൾ മാപ്പിനെയാണ് ആശ്രയിച്ചിരുന്നതെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. പാലത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാൻ ചുറ്റും ബാരിക്കേഡുകളില്ലാത്തതിനാൽ ബന്ധുക്കൾ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.