കാന്‍ബെറ: ഉള്ളടക്കത്തിന് പണം നല്‍കുന്നത് സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫെയ്സ്ബുക്ക് ഓസ്ട്രേലിയയിലെ പേജുകളില്‍ നിന്നും വാര്‍ത്ത സംബന്ധമായ കാര്യങ്ങളെല്ലാം നീക്കം ചെയ്തു. ഔദ്യോഗിക ആരോഗ്യ പേജുകള്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍, ക്ഷേമ ശൃംഖലകള്‍ എന്നിവയെല്ലാം സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ഫെയ്സ്ബുക്കിലൂടെ വാര്‍ത്തകള്‍ പങ്കിടുന്ന പേജുകള്‍ക്ക് പണം നല്‍കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയമങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിതരായതെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു. വാര്‍ത്തകളുടെ ലിങ്ക് ക്ലിക് ചെയ്യുന്നതിന്റെ എണ്ണമനുസരിച്ചു പ്രതിഫലം നല്‍കുന്നതിനു പകരം ഒറ്റത്തുകയായി ഈടാക്കാനാണു ഭേദഗതി. നിയമം നടപ്പിലാക്കിയാല്‍ ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച് സേവനം നിര്‍ത്തലാക്കുമെന്ന് ഗൂഗിളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത് തീര്‍ത്തും തെറ്റായ ധാരണകളില്‍ നിന്നും രൂപപ്പെടുത്തിയ നിയമമാണ്. ഒന്നുകില്‍ നിയമം അനുസരിക്കുക, അല്ലെങ്കില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് അതെന്ന് ഫെയ്സ്ബുക്കിന്റെ ഓസ്ട്രേലിയ, ന്യൂസിലാന്റ് മാനേജിങ് ഡയറക്ടര്‍ വില്‍ ഈസ്റ്റന്‍ പറഞ്ഞു.
എന്നാല്‍ വാര്‍ത്തകളിലൂടെ ഫെയ്‌സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയുടെ നേട്ടമുണ്ടാക്കുമ്പോള്‍ ഈ വാര്‍ത്തകള്‍ തയാറാക്കുന്ന മാധ്യമങ്ങള്‍, ഏജന്‍സികള്‍ അടക്കമുള്ള പ്രസാധകര്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാര്‍ത്ത തയാറാക്കുന്നവര്‍ക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയില്‍ ഒട്ടേറെ രാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇതു സംബന്ധിച്ച ആലോചനകളുണ്ട്.