സഭാ കേസില്‍ പള്ളികള്‍ വിട്ടു നല്‍കണമെന്ന വിധി അന്തിമം; ആറ് പള്ളികള്‍ കൈമാറണമെന്ന് സുപ്രീം കോടതി

സഭാ കേസില്‍ പള്ളികള്‍ വിട്ടു നല്‍കണമെന്ന വിധി അന്തിമം; ആറ് പള്ളികള്‍ കൈമാറണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പള്ളി തര്‍ക്ക കേസില്‍ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണ നിര്‍വഹണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. കോടതി വിധി മാനിക്കാന്‍ സുപ്രീം കോടതി യാക്കോബായ സഭയോട് ആവശ്യപ്പെട്ടു. അതേസമയം സെമിത്തേരി, സ്‌കൂളുകള്‍, ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.  എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ഭരണം കൈമാറാനുള്ള കോടതി ഉത്തരവ് യാക്കോബായ സഭ മനപൂര്‍വം അനുസരിക്കാതിരിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.

1934 ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് വ്യക്തതയുണ്ട്. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യംസങ്കീര്‍ണ്ണമാക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിര്‍കക്ഷികള്‍ മനസിലാക്കുമെന്ന് കരുതുന്നു. പള്ളികള്‍ ഏറ്റെടുക്കുകയെന്നാല്‍ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അര്‍ത്ഥം. ഉത്തരവ് നടപ്പാക്കാന്‍ യാക്കോബായ സഭ സഹകരിക്കാത്തതെന്തെന്നും സുപ്രീം കോടതി ചോദിച്ചു. പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന വിധി അന്തിമമാണെന്ന് കോടതി വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ ആണ് കോടതി താല്‍പര്യപ്പെടുന്നത്. എല്ലാവര്‍ക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷ. താക്കോല്‍ ജില്ലാ കളലക്ടര്‍മാര്‍ക്ക് കൈമാറണമെന്നും സുപ്രീം കോടതി യാക്കോബായ സഭയോട് നിര്‍ദേശിച്ചു. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളിലെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഒക്ടോബര്‍ 17 നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ പാലക്കാട്, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. ഇതിനെതിരെ കേരള സര്‍ക്കാര്‍, കേരള പൊലീസ്, യാക്കോബായ സഭയിലെ ചില അംഗങ്ങള്‍ എന്നിവര്‍ സമര്‍പ്പിച്ച സെപ്ഷല്‍ ലീവ് പെറ്റീഷനിലാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് ഡിസംബര്‍ 17 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.