ന്യൂഡല്‍ഹി: ഇന്ന് വൈകുന്നേരം 4.08 ന് വിക്ഷേപണം നടത്തേണ്ടിയിരുന്ന പിഎസ്എല്‍വിയുടെ വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3 വഹിച്ചുകൊണ്ടുളള ഉപഗ്രഹത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുളളപ്പോള്‍ കൗണ്ട്ഡൗണ്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. നാളെ വൈകിട്ട് 4.12ന് വിക്ഷേപണം നടത്താന്‍ ശ്രമിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയമായ കൊറോണയെക്കുറിച്ച് പഠിക്കാനുളള ദൗത്യമാണിത്. പിഎസ്എല്‍വിയുടെ സി 59 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക.
2001 ന് ശേഷം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്കുവേണ്ടി ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 60,000 കിലോ മീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ട് വര്‍ഷമാണ് കാലാവധി.