രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം നല്‍കി സ്പീക്കര്‍; വിവാദത്തിന് പിന്നാലെ കളര്‍ ആകസ്മികമെന്ന് വിശദീകരണം

രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം നല്‍കി  സ്പീക്കര്‍; വിവാദത്തിന് പിന്നാലെ കളര്‍ ആകസ്മികമെന്ന് വിശദീകരണം

തിരുവനന്തപുരം: പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.

ഉപതെരഞ്ഞടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎമ്മിലെ യു.ആര്‍ പ്രദീപ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞയോടനുബന്ധിച്ച് സ്പീക്കര്‍ നീല ട്രോളി ബാഗ് നല്‍കിയത്. ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളും ഉണ്ടായിരുന്നു.

നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നതിന് പിന്നാലെ മറുപടിയുമായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എംഎല്‍എമര്‍ക്ക് ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായാണ് നീല കളര്‍ ആയതെന്നുമാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.

പാലക്കാട് ഉപതെരഞ്ഞടുപ്പിനിടെ നീല ട്രോളി ബാഗില്‍ രാഹുലിന്റെ പ്രചാരണത്തിനായി പണമെത്തിച്ചെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് പൊലിസ് മേധാവിക്ക് കൈമാറിയിരുന്നു.

ബാഗില്‍ പണം കടത്തിയതിന് തെളിവ് ഇല്ലെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിക്ക് ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.