ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം.
പിഎസ്എല്‍വി മിഷന്‍ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്സില്‍ അറിയിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഒക്യുല്‍റ്റര്‍, കൊറോണഗ്രാഫ് എന്നീ രണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ കൃത്യതയോടെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ കൊറോണയെ പറ്റി പഠിക്കാനുള്ള ദൗത്യമാണിത്. ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹങ്ങള്‍ സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക.
ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോ മീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോ മീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും.
ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ട് വര്‍ഷമാണ് കാലാവധി. ഐഎസ്ആര്‍ഒ 2001 ല്‍ വിക്ഷേപിച്ച പ്രോബ 1, 2009 ല്‍ വിക്ഷേപിച്ച പ്രോബ 2 എന്നിവയുടെ തുടര്‍ ദൗത്യമാണ് പ്രോബ 3.
ഇന്നലെ പ്രീലോഞ്ച് തയ്യാറെടുപ്പിനിടെ പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയത്. വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രോബ പേടകത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോഴാണ് വിക്ഷേപണം മാറ്റിയതായി ഇന്നലെ ഐഎസ്ആര്‍ഒ അറിയിച്ചത്.