ന്യൂഡല്‍ഹി: രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്്വിയുടെ സഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് വന്‍ വിവാദമായി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അന്വേഷണം നടത്താതെ നിഗമനത്തില്‍ എത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. സംഭവത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപി നടത്തിയ ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രാജ്യസഭയിലെ 222-ാം നമ്പര്‍ സീറ്റാണ് സിങ്വിയുടേത്. തെലങ്കാനയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മനു അഭിഷേക് സിങ്‌വി. 'ഞാന്‍ രാജ്യസഭയില്‍ പോകുമ്പോള്‍ കൈയില്‍ കരുതുന്നത് 500 ന്റെ ഒരു നോട്ട് മാത്രമാണ്. 12.57 നാണ് ഞാന്‍ ഇന്നലെ സഭയിലെത്തിയത്. ഒരു മണിയ്ക്ക് സഭ പിരിഞ്ഞു. ഒന്നര മണിവരെ പാര്‍ലമെന്റ് ക്യാന്റീനില്‍ ഇരുന്ന ശേഷമാണ് ഞാന്‍ മടങ്ങിയത്. ഈ സംഭവത്തെ കുറിച്ച് കേട്ടിട്ടേയില്ല' - സിങ്‌വി പ്രതികരിച്ചു.
സംഭവം രാജ്യസഭയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും വിശദമായ അന്വേഷണം നടത്തുമെന്ന രാജ്യസഭാ ചെയര്‍മാന്റെ തീരുമാനം ആശ്വാസകരമാണെന്നും കേന്ദ്രമന്ത്രി ജെ.പി നഡ്ഡ പറഞ്ഞു.