പാലക്കാട്: ഒറ്റപ്പാലത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. അനങ്ങനടി ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അഭിരാമി, ഋതു ജിത്യ, ശ്രീകല എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ക്ലാസില്‍ ഹാജരാവാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായി രക്ഷിതാക്കള്‍ അറിയിച്ചതോടെയാണ് കുട്ടികളെ കാണാതായെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ എന്‍സിസി യൂണിഫോമില്‍ വീട്ടില്‍ നിന്നും ഇറങ്ങിയെന്നും കളര്‍ ഡ്രസുകള്‍ കയ്യില്‍ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ അധ്യാപകര്‍ കണ്ടെത്തി. ഇക്കാര്യം അധ്യാപകര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.