ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആര്‍എംസി) അറിയിച്ചു. പുതിയ ന്യൂനമര്‍ദം ഡിസംബര്‍ 12 ന് ശ്രീലങ്ക-തമിഴ്‌നാട് തീരത്ത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ആര്‍എംസിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു പ്രവാഹം സ്ഥിതി ചെയ്യുന്നു എന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കാരണത്താല്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ഡിസംബര്‍ ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും 12 ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ ശ്രീലങ്ക-തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയും ചെയ്യും.
ന്യൂനമര്‍ദ്ദം കാരണം വരും ദിവസങ്ങളില്‍ തമിഴ്നാടിന്റെ തെക്കന്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ് നാടിന്റെ മറ്റ് ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.