കൊല്‍ക്കത്ത: ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മമതാ ബാനര്‍ജി. അവസരം ലഭിച്ചാല്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യ സഖ്യം രൂപവല്‍കരിച്ചത് താനാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍ നിരയിലുള്ളവര്‍ക്കാണ്. അവര്‍ക്ക് അത് സാധിക്കുന്നില്ലെങ്കില്‍ താന്‍ എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിച്ചു.
എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ടതുണ്ട്. അവസരം ലഭിച്ചാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം താന്‍ ഉറപ്പാക്കും. താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബംഗാളിന് പുറത്തേക്കു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനം അവിടെ നിന്നുകൊണ്ടു തന്നെ നിയന്ത്രിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.