കൊച്ചി: ഗതാഗതം തടസപ്പെടുത്തി നടുറോഡില്‍ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മരട് സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങള്‍ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായാണ് റോഡ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത്. രണ്ട് വരിയിലുള്ള റോഡിലെ ഒരു വരിയിലെ ഗതാഗതം മുടക്കിയാണ് വേദി നിര്‍മിച്ചത്. ഇതോടെ ഈ ഭാഗത്തെ രണ്ട് വരിയിലേയും വാഹനങ്ങള്‍ ഒരു ഭാഗത്തിലൂടെ തിരിച്ചു വിടുകയായിരുന്നു.
നിയമ വിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍മാണവുമായി മുന്നോട്ടു പോവുകയായിരുന്നു. രാത്രി സമ്മേളനം സമാപിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ സ്റ്റേജ് നീക്കിയത്. നിയമ വിരുദ്ധമായി സ്റ്റേജ് കെട്ടിയതിന്റെ പേരില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.