പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി ബന്ധുക്കൾ. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കുടുംബത്തിന് ഈ കണ്ടെത്തൽ നിർണായകമാണ്.
ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് രക്തക്കറ ഉണ്ടെന്ന പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. അതേസമയം നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.
കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചിരുന്നു.