'അഭയം നല്‍കിയത് മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി'; നാടുവിട്ട സിറിയന്‍ പ്രസിഡന്റ് അസദും കുടുംബവും റഷ്യയില്‍

 'അഭയം നല്‍കിയത് മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി'; നാടുവിട്ട സിറിയന്‍ പ്രസിഡന്റ് അസദും കുടുംബവും റഷ്യയില്‍

മോസ്‌കോ: വിമതര്‍ ദമാസ്‌കസ് പിടിച്ചതോടെ നാടുവിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയില്‍ എത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയിലെത്തിയ അസദിനും കുടുംബത്തിനും റഷ്യന്‍ അധികൃതര്‍ അഭയം നല്‍കിയതായും ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറിയന്‍ പ്രസിഡന്റിനും കുടുംബത്തിനും അഭയം നല്‍കിയിരിക്കുന്നതെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു. അസദിന്റെ ദീര്‍ഘകാല സുഹൃത്താണ് റഷ്യ. റഷ്യന്‍ സൈനികര്‍ അസദിന്റെ സിറിയന്‍ സൈന്യവുമായി ചേര്‍ന്ന് വിമതര്‍ക്കെതിരെ സിറിയയില്‍ പോരാടി വരികയായിരുന്നു. വിമതര്‍ക്ക് സമാധാനപരമായി അധികാരം കൈമാറാനുള്ള ഉത്തരവ് നല്‍കിയതിന് ശേഷം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണത്തിന് വിരാമമിട്ടുകൊണ്ട് സിറിയന്‍ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) ഞായറാഴ്ച ദ്രുതഗതിയിലുള്ള ആക്രമണത്തിലൂടെയാണ് തലസ്ഥാനമായ ദമാസ്‌കസ് പിടിച്ചടക്കിയത്.

അതേസമയം അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ ഭരണത്തിന് വിമതര്‍ വിരാമം ഇട്ടതോടെ തെരുവിലിറങ്ങി പതാകകള്‍ വീശിയും വെടിയൊച്ചകള്‍ മുഴക്കിയുമാണ് ജനങ്ങള്‍ ആഘോഷിച്ചത്. ദമാസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം സിറിയന്‍ വിപ്ലവ പതാക വീശി. അറബ് വസന്ത കലാപത്തിന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് തലസ്ഥാന നഗരത്തില്‍ കണ്ടത്.

അതേസമയം പ്രസിഡന്റ് ബാഷര്‍ അല്‍ അസദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അപ്രത്യക്ഷരായതിന് ശേഷം വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരവും വസതിയും കൊള്ളയടിച്ചു. അല്‍-ക്വയ്ദയുമായി ബന്ധം വിച്ഛേദിച്ച മുന്‍ കമാന്‍ഡറും വിമത സേനയുടെ തലവനുമായ അബു മുഹമ്മദ് അല്‍-ഗോലാനി ബഹുസ്വരതയെയും മതപരമായ സഹിഷ്ണുതയെയും താന്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

യുദ്ധത്താല്‍ നശിപ്പിക്കപ്പെട്ടതും ഇപ്പോഴും വിവിധ സായുധ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതുമായ ഒരു രാജ്യത്ത് ഭിന്നതകള്‍ പരിഹരിക്കുക എന്ന കഠിനമായ ദൗത്യമാണ് വിമതര്‍ നേരിടുന്നത്. തുര്‍ക്കി പിന്തുണയുള്ള പ്രതിപക്ഷ പോരാളികള്‍ വടക്ക് യു.എസ് സഖ്യകക്ഷികളായ കുര്‍ദിഷ് സേനയുമായി പോരാടുകയാണ്. കൂടാതെ ചില വിദൂര പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.