വഖഫ് സ്വത്താക്കി മാറ്റിയ 250 സംരക്ഷിത സ്മാരകങ്ങളുടെ നിയന്ത്രണം ആവശ്യപ്പെടാനൊരുങ്ങി എഎസ്‌ഐ; ജെപിസിക്ക് കത്ത് നല്‍കും

വഖഫ് സ്വത്താക്കി മാറ്റിയ  250 സംരക്ഷിത സ്മാരകങ്ങളുടെ  നിയന്ത്രണം ആവശ്യപ്പെടാനൊരുങ്ങി എഎസ്‌ഐ; ജെപിസിക്ക് കത്ത് നല്‍കും

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യത്തെ 250 സംരക്ഷിത സ്മാരകങ്ങളുടെ നിയന്ത്രണം ആവശ്യപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്ത് നല്‍കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). വഖഫ് ഭേദഗതി ബില്‍-2024 പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് എഎസ്‌ഐ കത്ത് നല്‍കുക.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ആഭ്യന്തര സര്‍വേയിലാണ് 250 സംരക്ഷിത സ്മാരകങ്ങള്‍ വഖഫ് സ്വത്തായി കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ഫിറോഷാ കോട്‌ല ജമാ മസ്ജിദ്, ഹോസ്‌കാസ് മസ്ജിദ്, ആര്‍.കെ പുരം ഛോട്ടി ഗുംതി മക്ബറ തുടങ്ങിയവ ഈ പട്ടികയില്‍പ്പെടുന്നു. പല സ്മാരകങ്ങളെയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിച്ചു എന്നാണ് എഎസ്‌ഐ വ്യക്തമാക്കുന്നത്.


സെപ്റ്റംബറില്‍ 120 സംരക്ഷിത സ്മാരകങ്ങളുടെ വിവരങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു. പിന്നീട് നടത്തിയ സര്‍വേയിലാണ് എണ്ണം 250 ആയി ഉയര്‍ന്നത്. സെപ്തംബറിലെ ജെപിസി യോഗത്തില്‍ സംരക്ഷിത കേന്ദ്രങ്ങളിലെയും സ്ഥലങ്ങളിലെയും വഖഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് എഎസ്‌ഐ അറിയിച്ചിരുന്നു.

ഈ കേന്ദ്രങ്ങളുടെ സംരക്ഷണം സംബന്ധിച്ച് പ്രതിസന്ധി നേരിടുന്നതായും എഎസ്‌ഐ പരാതിപ്പെട്ടിരുന്നു. ഇത്തരം കേന്ദ്രങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ പ്രധാന്യമുള്ള കേന്ദ്രങ്ങളല്ലെങ്കിലും ഇവയെല്ലാം തന്നെ സംരക്ഷിത കേന്ദ്രങ്ങളാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.