മാടായി സഹകരണ കോളജ് നിയമനം: അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി

മാടായി സഹകരണ കോളജ് നിയമനം: അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി

പഴയങ്ങാടി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാടായി സഹകരണ കോളജിലെ നിയമന വിവാദത്തില്‍ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂര്‍ ഡി.സി.സി പ്രതികരിച്ചു. ഡി.വൈഎഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് കോളജ് ചെയര്‍മാന്‍ എം.കെ രാഘവന്‍ എം.പിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രശ്നം വഷളായതോടെ കണ്ണൂര്‍ ഡി.സി.സി നേതൃത്വം ചര്‍ച്ച നടത്തി. മാടായി കോളജില്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് കെ.പി ശശി, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശിധരന്‍, കുഞ്ഞിമംഗലം വൈസ് പ്രസിഡന്റ് കെ.വി സതീഷ് കുമാര്‍, വരുണ്‍ കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ശനിയാഴ്ച രാവിലെ കോളജിലെത്തിയ എം.കെ രാഘവനെ തടഞ്ഞുനിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി സ്വന്തക്കാരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.

ഓഫീസ് അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവിലേക്കും കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്കുമാണ് ശനിയാഴ്ച അഭിമുഖം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.