'മുനമ്പം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ നല്‍കാം'; താമസക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

'മുനമ്പം: വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ നല്‍കാം'; താമസക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഹൈക്കോടതി.

മുനമ്പത്തെ തര്‍ക്ക ഭൂമി ഫറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയതാണന്ന് അവകാശപ്പെട്ട് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

1950 ല്‍ ഫറൂഖ് കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ് 2019 ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തി. 2020 മുതല്‍ ഈ പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തു വകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.

1995 ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചു പിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

മുനമ്പവുമായി ബന്ധപ്പെട്ടത് 'അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കം' ആണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ.വി ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത് വരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി വാക്കാല്‍ അറിയിച്ചു. എന്നാല്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.