കൊച്ചി: കേരള സര്‍ക്കാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴി തുടങ്ങിയ സി സ്‌പെയ്‌സ് ഒ.ടി.ടി പ്ളാറ്റ്ഫോമില്‍ സാങ്കേതിക തകരാര്‍. സിനിമ കാണുന്നതിനായി പണം അടയ്ക്കാന്‍ പറ്റുന്നില്ലെന്നാണ് വ്യാപക പരാതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ക്ക് സിനിമ കാണാന്‍ ഇതൊരു നല്ല അവസരമാകുമെന്നായിരുന്നു പ്രതീക്ഷ.
പ്രധാന പ്രശ്‌നം എവിടെ പണമടയ്ക്കണം എന്ന സംവിധാനമില്ല എ്ന്നതാണ്. സിനിമയില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജ് വരും. ഫോണ്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്താല്‍ എറര്‍ പേജ് വരും. പണം അടയ്ക്കാനുള്ള പേജ് കിട്ടിയാല്‍ പലര്‍ക്കും ജി പേ സംവിധാനം കാണുന്നില്ല. പണം അടച്ചശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാത്തവരും ഉണ്ട്. നിര്‍മാതാക്കള്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമായില്ലെന്നാണ് ആക്ഷേപം.
അതേസമയം 2024 മാര്‍ച്ച് ഏഴിന് ആരംഭിച്ച ഈ പ്ളാറ്റ്ഫോം മുഖേന ഓഗസ്റ്റ് 31 വരെ 66 കണ്ടന്റുകളാണ് റിലീസ് ചെയ്തതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. അതുവഴി ചലച്ചിത്രവികസന കോര്‍പ്പറേഷന് ലഭിച്ചത് 57,830 രൂപയാണ്. ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായാണ് കണ്ടന്റുകള്‍. ഫീച്ചര്‍ ഫിലിമുകള്‍ക്കാണ് കളക്ഷന്‍ കൂടുതല്‍. എല്ലാ ഫീച്ചര്‍ ഫിലിമുകള്‍ക്കും ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. 75 രൂപ. ഇതരഭാഷാ ചിത്രങ്ങള്‍ എടുക്കാറില്ല. ജി.എസ്.ടി കുറച്ചുള്ള തുകയുടെ 50 ശതമാനമാണ് നിര്‍മാതാവിന് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഫീസ് ഈടാക്കാറില്ല.