കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചുമതലകളൊന്നും നല്‍കാതിരുന്നപ്പോള്‍ വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അത് ആര്‍ക്കെതിരെയും പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ.
പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രചാരണത്തില്‍ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും പാര്‍ട്ടിക്കെതിരെയോ ഒരാള്‍ക്കുമെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോള്‍ പറഞ്ഞതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പറയുന്നതിലെ മറുവശമെടുത്ത് വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും അദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. അദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പോലും വിമര്‍ശിച്ചിട്ടില്ല. ചിലര്‍ ചില കഥകള്‍ മെനയുകയാണ്, അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.