മെക് 7 കൂട്ടായ്മ പോപുലർ ഫ്രണ്ടിന്റെ പുതിയ രൂപമോ? മലബാറിലെ കൂട്ടായ്മയ്‌ക്കെതിരെ സിപിഎമ്മും സമസ്തയും രംഗത്ത്

മെക് 7 കൂട്ടായ്മ പോപുലർ ഫ്രണ്ടിന്റെ പുതിയ രൂപമോ? മലബാറിലെ കൂട്ടായ്മയ്‌ക്കെതിരെ സിപിഎമ്മും സമസ്തയും രംഗത്ത്

കോഴിക്കോട്: മലബാറില്‍ പിഎഫ്‌ഐ ഭീകരര്‍ പുതിയ രൂപത്തില്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മെക് 7 നെതിരെ സിപിഎമ്മും സമസ്തയും പരസ്യമായി രംഗത്ത് വന്നിരുന്നു. കൂട്ടായ്മക്ക് പിന്നില്‍ പിഎഫ്‌ഐ ഭീകരരെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കി.

സമസ്ത നേതാക്കളും മെക് 7 നെ ഗൗരവത്തോടെയാണ് കാണുന്നത്. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും ഇവരുടെ ചതിയില്‍ സുന്നി വിശ്വാസികള്‍ പെട്ടുപോകരുതെന്നും ഉള്ള മുന്നറിയിപ്പാണ് പോരോട് അബ്ദുള്‍ ഗഫാര്‍ സഖാഫി നല്‍കുന്നത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് ഇവര്‍ പ്രധാനമായും നോട്ടമിട്ടിരുന്നത്. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. മെക് 7 കേരളത്തില്‍ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞുവെന്നാണ് വിവരം. വാട്‌സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.

അന്വേഷണ ഏജന്‍സികള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടന്നാണ് വിവരം. 1990 കളില്‍ നാദാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്‌സിന്റെ അതേ സ്വഭാവമാണ് മെക്7 നും. കായികശേഷിയുള്ള ചെറുപ്പക്കാരെ പ്രത്യേകം തിരഞ്ഞ് പിടിച്ചാണ് നാദാപുരം ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാക്കി ആയുധ പരിശീലനം അടക്കം നല്‍കിയത്. ഇവരും ആദ്യഘട്ടത്തില്‍ സാധാരണ കൂട്ടായ്മ ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇതേ കൂട്ടായ്മയാണ് പിഎഫ്‌ഐയുടെ പൂര്‍വരൂപമായ എന്‍ഡിഎഫ് ആയി മാറിയത്.

മെക് 7 രൂപം നല്‍കിയത് ഒരു വിമുക്ത ഭടനാണ്. എന്നാല്‍ നിരോധനത്തിന് ശേഷം പിഎഫ്‌ഐ അംഗങ്ങള്‍ കൂട്ടായ്മയില്‍ നുഴഞ്ഞ് കയറി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മെക് 7 ന്റെ വാട്‌സ്ഗ്രൂപ്പ് അഡ്മിന്‍മാര്‍ പിഎഫ്‌ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകരാണ്. വ്യായാമ മുറയുടെ പേരില്‍ തീവ്രവാദ സംഘടനയെ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് പ്രധാന ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.