നവദമ്പതികളുടെ ആകസ്മിക വേര്‍പാട് നാടിന്റെ ഉള്ളുലച്ചു; പത്തനംതിട്ട കലഞ്ഞൂരില്‍ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ബുധനാഴ്ച

നവദമ്പതികളുടെ ആകസ്മിക വേര്‍പാട് നാടിന്റെ ഉള്ളുലച്ചു; പത്തനംതിട്ട കലഞ്ഞൂരില്‍ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ബുധനാഴ്ച

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ മരിച്ച നാല് പേരുടെയും സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 30 ന് വിവാഹിതരായ നിഖിലിന്റെയും അനുവിന്റെയും വേര്‍പാട് ഒരു നാടിന്റെയാകെ ഉള്ളുലച്ചു.

മലേഷ്യയില്‍ മധുവിധു ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ നിഖിലിനേയും അനുവിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 4.05 നായിരുന്നു അപകടം. വീട്ടിലെത്താന്‍ വെറും 12 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.

മറ്റൊരു രാജ്യത്ത് നിന്ന് നാട്ടിലെത്തി സ്വന്തം വീട്ടിലേക്കെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ അപകടം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല. നിഖിലിനേയും അനുവിനേയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് നാല് പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.

ഇന്ന് നാട്ടില്‍ മടങ്ങിയെത്തി നാളെ അനുവിന്റെ പിറന്നാളും പിന്നീട് ക്രിസ്മസും കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷം കാനഡിലേക്ക് പോകാനായിരുന്നു നവ ദമ്പതിമാരുടെ പദ്ധതി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്.

മാത്രവുമല്ല ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു രണ്ട് പേരും. മെക്കാനിക്കല്‍ എന്‍ജിനിയറാണ് നിഖില്‍. 2020 വരെ ഗള്‍ഫിലായിരുന്നു. പിന്നീട് കാനഡയിലേക്ക് പോയി. ഇപ്പോള്‍ അവിടെ ക്വാളിറ്റി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. എംഎസ്ഡബ്ല്യൂ പൂര്‍ത്തിയാക്കിയ അനുവും ഭര്‍ത്താവിനൊപ്പം കാനഡയ്ക്ക് പോകാനിരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.