മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്.
കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ വധശ്രമത്തിന് മാനന്തവാടി പൊലീസ് കേസെടുത്തു.
ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് യുവാവിനെ വലിച്ചിഴച്ചത്. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല.
അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.