വഴി തടഞ്ഞുള്ള സിപിഎം സമ്മേളനം:നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി

വഴി തടഞ്ഞുള്ള സിപിഎം സമ്മേളനം:നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് കെട്ടിയതെന്ന് കോടതി ചോദിച്ചു.

റോഡ് കുത്തിപ്പൊളിച്ചാണോ സ്റ്റേജിനുള്ള കാല്‍ നാട്ടിയത്? റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെ വരുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വഴി തടഞ്ഞാണ് സമരം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ എങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സ്റ്റേജ് കെട്ടുക. ഇങ്ങനെ പ്രവര്‍ത്തിക്കുനന്വര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില്‍ അടക്കം സമരം നടക്കുന്നത് കാണാം. കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

റോഡ് തടഞ്ഞുള്ള സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. വഞ്ചിയൂര്‍ സമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നു. പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.

കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കം 16 പ്രതികള്‍ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, വി.കെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പന്തല്‍ കെട്ടിയ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.