ടിബിലീസി: ജോര്‍ജിയയിലെ പ്രശസ്തമായ ഇന്ത്യന്‍ ഭക്ഷണശാലയില്‍ 12 പേര്‍ മരിച്ച നിലയില്‍. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഗുഡൗരിയിലെ സ്‌കീ റിസോര്‍ട്ടില്‍ ആണ് സംഭവം. ഭക്ഷണ ശാലയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. സംഭവത്തില്‍ ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരില്‍ ആരിലും ബലപ്രയോഗത്തിന്റേതായ അടയാളങ്ങള്‍ ഇല്ല. അതുകൊണ്ട് സംഭവം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലമാണോയെന്ന് കണ്ടെത്താന്‍ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭക്ഷണ ശാലയുടെ രണ്ടാം നിലയിലായിരുന്നു ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇടുങ്ങിയ കിടപ്പുമുറികളില്‍ വൈദ്യുതി നിലച്ചതിന് പിന്നാലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാവാം മരണം സംഭവിച്ചതെന്ന സംശയമാണിപ്പോള്‍ ഉയരുന്നത്.
ജീവനക്കാര്‍ വിശ്രമിക്കുന്ന ഭാഗത്തിന് സമീപത്തായാണ് ജനറേറ്ററും സ്ഥാപിച്ചിരുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സംഭവ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ മാത്രമാണ് ജോര്‍ജിയന്‍ പൗരന്‍. ശേഷിക്കുന്നവര്‍ വിദേശ പൗരന്മാരാണ്. മരിച്ചവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. ജോര്‍ജിയയിലെ ഗ്രേറ്റര്‍ കോക്കസസ് പര്‍വതനിരയുടെ തെക്ക് അഭിമുഖമായി ജോര്‍ജിയന്‍ മിലിട്ടറി ഹൈവേയ്ക്ക് സമീപമാണ് ഗുഡൗരി സ്ഥിതി ചെയ്യുന്നത്.