ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ വാക്‌പോര്.
കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ കടുത്ത ഏറ്റുമുട്ടലിന് സഭ സാക്ഷ്യം വഹിച്ചത്.
മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ സര്‍ക്കാര്‍ തന്നെ അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നുവെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു.
ഇതോടെയാണ് കേന്ദ്ര മന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഖാര്‍ഗെ രംഗത്തെത്തിയത്. കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍ നല്ലതാണെങ്കിലും പ്രവൃത്തി നല്ലതല്ലെന്ന് അദേഹം കുറ്റപ്പെടുത്തി. ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് വായിക്കാനറിയാം.
എന്നാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പഠിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലാണ്. അവരുടെ ഇംഗ്ലീഷ് വളരെ മികച്ചതാണെന്നതില്‍ സംശയമില്ല, ഹിന്ദിയും മികച്ചതാണ്. എന്നാല്‍ പ്രവര്‍ത്തി മോശമാണെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.
ഭരണഘടനയെയും ദേശീയ പതാകയെയും അശോക ചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടന കത്തിച്ചവരാണ് ഇവര്‍. അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ ആരോപിച്ചു.