'ജവഹര്‍ലാല്‍ നെഹ്റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നല്‍കണം'; രാഹുല്‍ ഗാന്ധിക്ക് കേന്ദ്രത്തിന്റെ കത്ത്

'ജവഹര്‍ലാല്‍ നെഹ്റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നല്‍കണം'; രാഹുല്‍ ഗാന്ധിക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കത്തുകളുടെ ശേഖരം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎഎല്‍) ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

2008 ല്‍ അന്നത്തെ യുപിഎ ചെയര്‍ പേഴ്‌സണായിരുന്ന സോണിയാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരമാണ് കത്തുകള്‍ പൊതു ശേഖരത്തില്‍ നിന്ന് നീക്കി സ്വകാര്യമായി സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. 1971 ല്‍ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫൗണ്ടേഷന് നല്‍കിയ ശേഖരത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ചില പ്രമുഖ വ്യക്തികളുമായി നെഹ്റു നടത്തിയ വ്യക്തിഗത കത്തിടപാടുകള്‍ അടങ്ങിയ 51 പെട്ടികള്‍ ഉള്‍പ്പെട്ടിരുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ട് ബാറ്റണ്‍, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവന്‍ റാം എന്നിവരുമായുള്ള കത്തുകളും അവയില്‍ ഉള്‍പ്പെടുന്നു.

രേഖകള്‍ നെഹ്റു കുടുംബത്തിന് വ്യക്തിപരമായി പ്രാധാന്യമുണ്ടെന്ന് തങ്ങള്‍ മനസിലാക്കുന്നു. എന്നിരുന്നാലും ഈ ചരിത്ര സാമഗ്രികള്‍ പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും പിഎംഎഎല്‍ വിശ്വസിക്കുന്നുവെന്നും കത്തുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ സഹകരിക്കണമെന്നും രാഹുലിന് അയച്ച കത്തില്‍ പറയുന്നു.

പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിലെ നെഹ്റു ശേഖരത്തിന്റെ ഭാഗമായ ഏകദേശം എട്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 51 കാര്‍ട്ടൂണുകള്‍ സ്ഥാപനത്തിലേക്ക് തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സോണിയാ ഗാന്ധിക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ കത്തെഴുതിയിരുന്നു.

രേഖകള്‍ നല്‍കാനോ അവ ഡിജിറ്റലൈസ് ചെയ്യാനോ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ നല്‍കിയാല്‍ അവ പഠിക്കാനും വിവിധ പണ്ഡിതന്മാര്‍ക്ക് ഗവേഷണം നടത്താനും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ പിഎംഎംഎല്‍ സൊസൈറ്റിയിലെ 29 അംഗങ്ങളില്‍ ഒരാളും ചരിത്രകാരനും എഴുത്തുകാരനുമായ റിസ്വാന്‍ കദ്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.