തേനി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കുമെന്നും തമിഴ്‌നാട് തദ്ദേശ വകുപ്പ് മന്ത്രി ഐ. പെരിയസാമി.
തേനി ജില്ലയിലെ മഴക്കെടുതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദര്‍ശന വേളയില്‍ കേരള മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിച്ചെന്നും പെരിയസ്വാമി പറഞ്ഞു.
അടുത്തിടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്. തമിഴ്‌നാട് ഔദ്യോഗികമായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി.
ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ടുമുട്ടുന്ന വൈക്കത്ത് വച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തല നടപടികളിലൂടെ പരിഹാരം കാണുകയായിരുന്നു. സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്.
ഏഴ് നിബന്ധനകളാണ് ഇതിലുള്ളത്. പുതിയ നിര്‍മാണങ്ങള്‍ നടത്തരുത്, എം.ഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെയോ അദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകുമ്പോള്‍ വന നിയമങ്ങള്‍ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റില്‍ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പിന്റെ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി മുല്ലപ്പെരിയാര്‍ ഡാമിലേയ്ക്ക് മെയിന്റനന്‍സിനായി തമിഴ്‌നാട് കൊണ്ടുവന്ന എം.സാന്റ് ലോറികള്‍ കേരളം തടഞ്ഞിട്ടിരുന്നു.