ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പും പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പും പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്, ഏകാധിപത്യത്തിനുള്ള നീക്കമെന്ന് എസ്.പി, നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്ന് ടി.എം.സി.

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു.

ബില്ല് ഭരണഘടനാ വിരുദ്ധമെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു.

എതിര്‍പ്പുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി.ബില്‍ ഇന്ത്യയുടെ നാനാത്വം തകര്‍ക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.

ബല്ലിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹ പൂര്‍ത്തീകരണം മാത്രമാണന്ന് കല്യാണ്‍ ബാനര്‍ജി എംപി പറഞ്ഞു.

ബില്‍ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.

അതിനിടെ ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടന്നും എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം വേണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.