അപകട മരണമുണ്ടായാല്‍ ബസ് പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കും: സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്

അപകട മരണമുണ്ടായാല്‍ ബസ് പെര്‍മിറ്റ് ആറ്  മാസത്തേക്ക് റദ്ദാക്കും: സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആറ് മാസം പെര്‍മിറ്റ് റദ്ദാക്കും. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്ന് മാസം പെര്‍മിറ്റ് റദ്ദാക്കും.

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും  ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി പറയാന്‍ ഉടമകള്‍ ബസില്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം.

പെര്‍മിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകള്‍ ലാസ്റ്റ് ട്രിപ്പ് നിര്‍ബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യണം. മാര്‍ച്ച് മാസത്തിനുള്ളില്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം.

കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡര്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ നാഷണല്‍ ഹൈവേ അതോരിറ്റി അനുവദിക്കും. ഊരാളുങ്കല്‍ സൊസൈറ്റി പണി ഏല്‍പ്പിക്കും.

പാലക്കാട് ഐഐടിയുടെ അഞ്ച് ശുപാര്‍ശകള്‍ നടപ്പാക്കും. മുണ്ടൂര്‍ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്ക് മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമര്‍പ്പിക്കും.

പാലക്കാടിനും കോഴിക്കോടിനുമിടയില്‍ 16 സ്ഥലങ്ങളില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ എന്‍എച്ച്എ മാറ്റം വരുത്തും. ഡിസൈന്‍ ചെയ്യുന്നവരാണ് ബ്ലാക്ക് സ്‌പോട്ട് ഉണ്ടാക്കുന്നത്. പനയമ്പാടത്തെ സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.