ന്യൂഡല്‍ഹി: എന്‍സിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. ശരദ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രകാശ് കാരാട്ടും പങ്കെടുത്തിരുന്നു. അതേസമയം മന്ത്രിമാറ്റം ചര്‍ച്ചയായില്ലെന്നും നാളെ ചര്‍ച്ച ചെയ്യുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. പ്രകാശ് കാരാട്ടും ശരത് പാവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തില്ലെന്നും നാളെ നേതാക്കള്‍ വീണ്ടും കൂടികാഴ്ച നടത്തുമെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
പാര്‍ട്ടി കാര്യങ്ങള്‍ സംസാരിച്ചുവെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. തന്റെ കാര്യങ്ങള്‍ ശാരദ് പാവാറിനെ ധരിപ്പിച്ചു. അനുകൂല പ്രതികരണമാണ് ലഭിച്ചത്. മന്ത്രി സ്ഥാനം കിട്ടാന്‍ നോക്കി നടക്കുന്ന ആളല്ല താനെന്നും തോമസ് കെ. തോമസ് പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകാന്‍ ആകില്ല ഒരു തീരുമാനം ഉണ്ടാകണം എന്ന് പവാറിനെ അറിയിച്ചെന്ന് തോമസ് കെ. തോമസ് പറഞ്ഞു.
കടുത്ത അതൃപ്തിയിലായിരുന്നു തോമസ് കെ തോമസ്. മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി ശരത് പവാറിനെ അറിയിച്ചിരുന്നു. ശശീന്ദ്രന്‍ നേതൃത്വത്തിനോട് വഴങ്ങുന്നില്ലെന്നും അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശശീന്ദ്രന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പി.സി ചാക്കോ ശരദ് പവാറിനെ അറിയിച്ചിരുന്നു. എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇരുവരും ഡല്‍ഹിയിലെത്തി ശരത് പവാറിനെ കണ്ടത്.