കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികര്‍ക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി സീറോമലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ നാല് വൈദികരെ ചുമതലകളില്‍ നിന്നും നീക്കി. ബസിലക്കയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാ. വര്‍ഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
തൃപ്പുണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാല് വൈദികരെയാണ് മാറ്റിയിരിക്കുന്നത്. ഇവര്‍ പൂര്‍ണമായും ചുമതലകളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് നിര്‍ദേശം. ഇത്തരത്തിലുള്ള വിമത പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അങ്കമാലി-എറണാകുളം അതിരൂപതയില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന കര്‍ശനമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കമാലി-എറണാകുളം അതിരൂപതയില്‍ ഏകീകൃത കുര്‍ബാന തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു ശക്തമായ നടപടിയിലേയ്ക്ക് സീറോമലബാര്‍ സഭ കടക്കുന്നു എന്നതാണ് നടപടിയില്‍ നിന്നും വ്യക്തമാകുന്നത്.