ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഇരുവരേയും ഭൂമിയിൽ എത്തിക്കുമെന്നാണ് നാസ നേരത്തെ അറിയിച്ചിരുന്നത്. എന്നാലിത് മാർച്ചിലേക്ക് നീളുമെന്നാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
2024 ജൂൺ അഞ്ച് മുതൽ സുനിതയും ബുച്ച് ബിൽമോറും ഐഎസ്എസിലാണ് തുടരുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടിയാണ് ഇരുവരും ഐഎസ്എസിൽ എത്തിയതെങ്കിലും ബഹിരാകാശ പേടകമായ സ്റ്റാർലൈനറിൽ കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്ന് അവർക്ക് തിരികെ വരാനായില്ല.
സ്റ്റാർലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ആദ്യ പരീക്ഷണം കൂടിയായിരുന്നു ജൂണിൽ നടന്നത്. നാസയ്‌ക്കും സ്‌പേസ് എക്‌സ് ടീമിനും ബഹിരാകാശ ദൗത്യത്തിന് മുന്നോടിയായി പുതിയ ഡ്രാഗൺ പേടകത്തിന്റെ പ്രോസസിംഗിന് സമയം ആവശ്യമാണെന്നും നാസ അറിയിച്ചിട്ടുണ്ട്.