ഓട്ടവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള നയപരമായ തർക്കത്തെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചതിനെ തുടർന്ന് ട്രൂഡോയുടെ രാജിക്ക് സമ്മർദം ഏറുന്നു. ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗവും കാനഡയിലെ ന്യൂ ഡെമോക്രോറ്റിക് പാര്‍ട്ടി നേതാവുമായ ജഗമീത് സിങ് രംഗത്തെത്തി. രാജ്യത്തെ ജീവിത ചെലവിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയേയും പരാമര്‍ശിച്ചുകൊണ്ടാണ് ജഗമീത് സിങ് രംഗത്തെത്തിയത്.
ജസ്റ്റിന്‍ ട്രൂഡോ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. കാനഡയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നേതാവിനെ തിരയുന്ന വേളയില്‍ ലിബറലുകള്‍ പരസ്പരം പോരടിക്കുന്നു. രാജ്യത്തെ ഉയര്‍ന്ന ജീവിത ചെലവ് കാരണം പൗരന്‍മാര്‍ വലയുകയാണെന്നും അതിനിടെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് ഭീഷണി നിരവധി ജോലികളെ അപകടത്തിലാക്കിയെന്നും ജഗമീത് സിങ് പറഞ്ഞു.
അതേ സമയം കാനഡയിലെ ഫെഡറൽ ഗവൺമെൻ്റ് വീഴ്ചയുടെ സാമ്പത്തിക പ്രസ്താവന സമർപ്പിക്കേണ്ടതിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചത്. ജസ്റ്റിൻ ട്രൂഡോ തന്നെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതായും അവർ വ്യക്തമാക്കി.
ധനമന്ത്രി സ്ഥാനം രാജിവെക്കാനും മന്ത്രിസഭയിലെ മറ്റേതെങ്കിലും സ്ഥാനം നൽകാമെന്നും ട്രൂഡോ തന്നോട് പറഞ്ഞതായി ക്രിസ്റ്റിയ ഫ്രീലാൻഡ് വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുക എന്നുള്ളതാണ് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സത്യസന്ധമായതും പ്രായോഗികമായതുമായ ഏക വഴി എന്നാണ് രാജിക്ക് ശേഷം പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പിൽ ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചത്.