തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതത്തില്‍ കത്രിക വച്ച് സര്‍ക്കാര്‍. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി കുറച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഓരോ വകുപ്പുകളുടെയും വിഹിതത്തില്‍ വരുത്തിയ കുറവ് ചീഫ് സെക്രട്ടറി അറിയിച്ചു. ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയെ വെച്ച് വകുപ്പുകളുടെ പദ്ധതികളുടെ മുന്‍ഗണനക്രമം പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ബജറ്റ് വിഹിതം ലഭിച്ചത് കൃഷി വകുപ്പിനാണ്. പ്രാഥമിക മേഖലയായി കണക്കാക്കുന്നത് കാര്‍ഷിക മേഖലയാണ്. അങ്ങനെ 51 ശതമാനം വിഹിതം കാര്‍ഷിക മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകള്‍ക്ക് 50 ശതമാനം തുക മാത്രമേ ലഭിക്കൂ. ഈ തുക ക്ഷേമ പെന്‍ഷന്‍ കുടിശിക അടക്കം കൊടുത്തു തീര്‍ക്കാനായി ഉപയോഗിക്കുമെന്നാണ് ധന വകുപ്പിന്റെ വിശദീകരണം.