വീട് പണിയാന്‍ ഈടില്ലാതെ 20 ലക്ഷം രൂപ വായ്പ ലഭിക്കും; തിരിച്ചടവിന് 30 വര്‍ഷം

വീട് പണിയാന്‍ ഈടില്ലാതെ 20 ലക്ഷം രൂപ വായ്പ ലഭിക്കും; തിരിച്ചടവിന് 30 വര്‍ഷം

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഈടില്ലാതെ ഭവന വായ്പ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാമതൊരാളുടെ ഷുവര്‍റ്റിയോ ജാമ്യമോ ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കുന്നതായിരിക്കും പദ്ധതി. ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നരേന്ദ്ര മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലോണ്‍ അനുവദിച്ച ശേഷം തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം ലഭിക്കും.

കൂടിയ കാലവധിയിലൂടെ കുറഞ്ഞ മാസ തവണയെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. കുറഞ്ഞ തുക ഇഎംഐ ആയി വരുമ്പോള്‍ അത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കും.

നഗര ഭവന നിര്‍മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡി പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതിക്ക് കീഴില്‍ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ പാരാമീറ്ററുകള്‍ ഉറപ്പിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയങ്ങള്‍ നാഷണല്‍ ഹൗസിങ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരുന്നുവെന്നാണ് വിവരം. ചര്‍ച്ചയില്‍ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.