മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. ഇതോടെ സംഭവത്തിലെ മരണസംഖ്യ 15 ആയി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാവികസേന ഉത്തരവിട്ടരുന്നു.
രണ്ട് ദിവസം മുന്‍പാണ് ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫെന്റ കേവ്സിലേക്ക് പോകുന്നതിനിടെ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച് അപകടം ഉണ്ടായത്. 110-ലധികം ആളുകളുമായി പോയ യാത്രാബോട്ടാണ് ഇടിയുടെ ആഘാതത്തില്‍ മുങ്ങിയത്. 101 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തില്‍ മരണത്തെ മുഖാമുഖം കണ്ട ദമ്പതിമാര്‍ പരിഭ്രാന്തരായി മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് സ്വന്തം മക്കളെ കടലിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചെന്ന വാര്‍ത്ത ഇതിനോടകം പുറത്തുവന്നിരുന്നു. സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളായ അമോല്‍ സാവന്താണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് വെളിപ്പെടുത്തിയത്.