തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകുന്നേരം മൂന്നിന് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്‍പിക്കുമെന്നതിലും തീരുമാനമെടുക്കും.
പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവര്‍ക്കാവുമാണ് ആദ്യ പരിഗണന. വീടുകള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്.
വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റയും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമ പരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരെ മുഖ്യമന്ത്രി നേരില്‍ കാണും.